സെക്രട്ടേറിയറ്റ് കെട്ടിടം

സെക്രട്ടേറിയറ്റ് കെട്ടിടവും അതിന്റെ പശ്ചാത്തലവും:

ആയില്യം തിരുനാളിന്റെ (1860-1880) ഭരണകാലത്ത് തിരുവിതാംകൂറിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനായി സെക്രട്ടേറിയറ്റ് കെട്ടിടം നിര്‍മ്മിക്കുകയും 1869-ല്‍ ഔപചാരികമായി പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തതു. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ഏകദേശം 3 ലക്ഷം രൂപയായിരുന്നു ചെലവ് പ്രതീക്ഷിച്ചത്. എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ കണക്കാക്കി സെക്രട്ടേറിയറ്റ് പ്രധാന കെട്ടിടത്തിന്റെ കിഴക്ക് ഭാഗത്ത് കൂടുതല്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി. ഇന്ന് കേരള നിയമസഭയായി പ്രവര്‍ത്തിക്കുന്ന ശ്രീമൂലം അസംബ്ലി ഹാള്‍ ആണ് യഥാര്‍ത്ഥ കെട്ടിടത്തിന്റെ ശ്രദ്ധേയമായ കൂട്ടിച്ചേര്‍ക്കലുകളില്‍ ഒന്ന്.

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് ഏറ്റവും തലയെടുപ്പോടുകൂടി നില്‍ക്കുന്ന കെട്ടിടങ്ങളില്‍ ഒന്നാണ് സെക്രട്ടേറിയറ്റ്. നിരവധി ആധുനിക നിര്‍മിതികള്‍ സെക്രട്ടേറിയറ്റിന്റെ സമീപത്തായി ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും സെക്രട്ടേറിയറ്റ് കെട്ടിടത്തിന്റെ ഗാംഭീര്യത്തിനോ രൂപത്തിനോ സൗന്ദര്യത്തിനോ മങ്ങലേല്‍പ്പിക്കാന്‍ അവയ്ക്കൊന്നും കഴിഞ്ഞിട്ടില്ല. റോമന്‍, ഡച്ച് വാസ്തുവിദ്യകള്‍ മനോഹരമായി സംയോജിപ്പിച്ചാണ് അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നത്.

വൃത്താകൃതിയിലുള്ള ദൃഢമായ വലിയ തൂണുകളും കെട്ടിടത്തിന്റെ ഉയരവും മുഖപ്പും റോമന്‍ വാസ്തുവിദ്യയെ ഓര്‍മ്മിപ്പിക്കുന്നു. വലിയ വാതിലുകളും ജനലുകളും ഡച്ച് ശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കരിങ്കല്‍ അടിത്തറയും ചുടുകട്ട കൊണ്ടുള്ള കെട്ടിടവുമാണ് ഉള്ളത്. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ തടികൊണ്ടുള്ള തറയും തടികൊണ്ടുള്ള മേല്‍ക്കൂരയുമാണ് നിര്‍മ്മിച്ചിരിക്കുന്നത്.

കെട്ടിടത്തിന്റെ മധ്യഭാഗത്ത് ക്ലോക്ക് ടവറിന് താഴെയായി നിര്‍മ്മിച്ചിരിക്കുന്ന ദര്‍ബാര്‍ ഹാള്‍, സെക്രട്ടേറിയറ്റിലെ ഏറ്റവും ആകര്‍ഷകമായ ഭാഗമാണ്. പച്ചയും വെള്ളിയും ചായം പൂശി അലങ്കരിച്ച മനോഹരമായ മേല്‍ക്കൂരയില്‍ നിന്ന് തൂങ്ങിക്കിടക്കുന്ന അതിമനോഹരമായ സ്ഫടിക വിളക്കുകള്‍. മാര്‍ബിള്‍ ടോപ്പുകളുള്ള മനോഹരമായി കൊത്തിയെടുത്ത കണ്‍സോള്‍ ടേബിളുകള്‍, അപൂര്‍വ ടേബിള്‍ ലാമ്പുകള്‍, രണ്ട് ആനകളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത രാജകീയ മുദ്രകള്‍ ആലേഖനം ചെയ്ത ഫ്രെയിമുകളുള്ള വലിയ കണ്ണാടികള്‍, മുകളില്‍ കൊത്തിയ ശംഖ് എന്നിവ ഹാളിനെ അലങ്കരിക്കുന്നു. മാര്‍ബിള്‍ സ്ലാബുകള്‍ പാകിയ തറയില്‍ സങ്കീര്‍ണ്ണമായ ഡിസൈനുകളുള്ള ചുവപ്പും മഞ്ഞയും എന്‍കാസ്റ്റിക്  ടൈലുകളാല്‍ ബോര്‍ഡര്‍ ചെയ്തിരിക്കുന്നു. പണ്ട് കാലങ്ങളില്‍ തിരുവിതാംകൂര്‍ മഹാരാജാക്കന്മാര്‍ ഇവിടെ ദര്‍ബാറുകള്‍ നടത്തിയപ്പോള്‍ ആഡംബരപൂര്‍ണ്ണവും ആര്‍ഭാടങ്ങളാലും തിളങ്ങിയിരുന്നതാണ് ഈ ദര്‍ബാര്‍ ഹാള്‍.

എന്നാല്‍ ദര്‍ബാര്‍ ഹാള്‍ ഇപ്പോള്‍ ഒരു കോണ്‍ഫറന്‍സ് റൂമായാണ് ഉപയോഗിക്കുന്നത്. കെട്ടിടത്തിന് മുന്നിലായി മനോഹരമായ പുല്‍ത്തകിടിയും പിന്‍ഭാഗത്തായി സെന്‍ട്രല്‍ സ്റ്റേഡിയവും സ്ഥിതി ചെയ്യുന്നു. പ്രധാന റോഡിന് അഭിമുഖമായി ഇംഗ്ലീഷുകാര്‍ക്കെതിരെ ശക്തമായി പോരാടിയ തിരുവിതാംകൂറിലെ ദളവയായിരുന്ന (അന്നത്തെ മുഖ്യമന്ത്രി) വേലു തമ്പിയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നു. 1858-1872 കാലഘട്ടത്തില്‍ മുന്‍ തിരുവിതാംകൂര്‍ സംസ്ഥാനത്തിന്റെ ദിവാന്‍ ആയിരുന്ന ടി. മാധവ റാവു സംസ്ഥാനത്തിന് നല്‍കിയ സേവനങ്ങളുടെ സ്മരണയ്ക്കായും സെക്രട്ടേറിയറ്റിന്റെ നിര്‍മ്മാണത്തില്‍ മാധവറാവുവിന് വ്യക്തിപരമായി ഉണ്ടായിരുന്ന ഉത്തരവാദിത്വവും മുന്‍ നിര്‍ത്തി അദ്ദേഹത്തിന്റെ പ്രതിമ സെക്രട്ടേറിയറ്റിന് അഭിമുഖമായി സ്ഥാപിച്ചിരിക്കുന്നു.

1961-ല്‍ സെക്രട്ടേറിയറ്റ് വളപ്പിന്റെ തെക്കേ അറ്റത്ത് 9 ലക്ഷം രൂപ ചെലവില്‍ സൗത്ത് ബ്ലോക്ക് നിര്‍മ്മിച്ചു.1971-ല്‍ 10.49 ലക്ഷം രൂപ ചെലവില്‍ പ്രധാന കെട്ടിടത്തിനും സൗത്ത് ബ്ലോക്കിനും മധ്യത്തായി സൗത്ത് സാന്‍ഡ് വിച്ച് ബ്ലോക്കും നിര്‍മ്മിച്ചു. സൗത്ത് സാന്‍ഡ് വിച്ച് ബ്ലോക്കിന് സമാനമായി 1974-ല്‍ 10 ലക്ഷം രൂപ ചെലവില്‍ കെട്ടിടത്തിന്റെ വടക്കുഭാഗത്തായി നോര്‍ത്ത് സാന്‍ഡ്വിച്ച് ബ്ലോക്കും നിര്‍മ്മിച്ചു. പിന്നീട് സൗത്ത് ബ്ലോക്കിന് സമാനമായ മറ്റൊരു കെട്ടിടം (നോര്‍ത്ത് ബ്ലോക്ക്) നിര്‍മ്മിക്കുകയും അത് 11-2-1982 ല്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഈ കെട്ടിടത്തിന്റെ ആകെ ചെലവ് 67.63 ലക്ഷം രൂപയായിരുന്നു.

സെക്രട്ടേറിയറ്റ് കെട്ടിടത്തിന്റെ ഘടന:

പ്രധാനമായും മൂന്ന് ബ്ലോക്കുകള്‍ ഉള്‍ക്കൊള്ളുന്നതാണ് കേരള സെക്രട്ടേറിയറ്റ് സമുച്ചയം. സെന്‍ട്രല്‍ ബ്ലോക്കാണ് ഏറ്റവും പഴക്കമേറിയത്. ദര്‍ബാര്‍ ഹാളിലേക്ക് തുറക്കുന്ന ആനക്കവാടം (എലിഫന്റ് ഡോര്‍) എന്നറിയപ്പെടുന്ന പ്രധാന വാതില്‍ സെന്‍ട്രല്‍ ബ്ലോക്കിലുണ്ട്. ഈ ദര്‍ബാര്‍ ഹാള്‍ മുമ്പ് തിരുവിതാംകൂര്‍ മഹാരാജാവിന്റെയും രാജസേവകരുടെയും ഉപയോഗത്തിന് മാത്രം  പരിമിതപ്പെടുത്തിയിരുന്നതാണ്. ഇന്ന് ദര്‍ബാര്‍ ഹാള്‍ പൊതുയോഗങ്ങളും ഔദ്യോഗിക ചടങ്ങുകളും നടത്തുന്ന ഹാളാണ്.

ദര്‍ബാര്‍ ഹാളിന്റെ ഇരുവശങ്ങളിലും 20 വാതിലുകളാണ് ഉള്ളത്. സെന്‍ട്രല്‍ ബ്ലോക്കിന് മൂന്ന് നിലകളും അവയില്‍ വിവിധ വകുപ്പുകളുടെ ഓഫീസുകളും സ്ഥിതി ചെയ്യുന്നു. പഴയ അസംബ്ലി ഹാള്‍ സ്ഥിതി ചെയ്യുന്നത് സെന്‍ട്രല്‍ ബ്ലോക്കിന്റെ താഴത്തെ നിലയില്‍ വലതുവശത്തായാണ്. എന്നാല്‍ ഇപ്പോള്‍ ഒരു പൊതു നിയമനിര്‍മ്മാണ മ്യൂസിയമായി കേരളത്തിന്റെ നിയമനിര്‍മ്മാണ ചരിത്രത്തെ ചിത്രീകരിക്കുന്നതിന് പ്രവര്‍ത്തിക്കുന്നു.

സെന്‍ട്രല്‍ ബ്ലോക്കിന് പുറമെ അതിന് ഇരുവശത്തുമായി രണ്ട് പുതിയ ബ്ലോക്കുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. നോര്‍ത്ത് ഗേറ്റില്‍ സ്ഥിതി ചെയ്യുന്ന നോര്‍ത്ത് സാന്‍ഡ്വിച്ച് ബ്ലോക്കില്‍ മുഖ്യമന്ത്രിയുടെയും  മന്ത്രിമാരുടെയും വിവിധ വകുപ്പുകളുടെ ഓഫീസുകളും ക്യാബിനറ്റ് റൂമുകളും പ്രവര്‍ത്തിക്കുന്നു. സൗത്ത് സാന്‍ഡ്വിച്ച് ബ്ലോക്കില്‍ പ്രധാനമായും സെക്രട്ടറിമാരുടെ ഓഫീസുകളാണ് ഉള്ളതെങ്കിലും നോര്‍ത്ത് ബ്ലോക്കിലെ സ്ഥല പരിമിതി കാരണം ഏതാനും മന്ത്രിമാരുടെ ഓഫീസുകളും ഇവിടെ പ്രവര്‍ത്തിക്കുന്നു.

പ്രധാന കോമ്പൗണ്ടിന് പുറത്ത് അനെക്സ് I, അനെക്സ് II എന്ന് പേരിട്ടിരിക്കുന്ന അനെക്സുകള്‍ സ്ഥലപരിമിതി മറികടക്കുന്നതിനായി യഥാക്രമം 1995-ലും 2016-ലുമായി നിര്‍മ്മിച്ചു.

 

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .